കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു


കൊച്ചി: എറണാകുളം കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു.സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണർ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തല്‍. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കില്‍ ആനയെ മണ്ണിടിച്ച്‌ രക്ഷപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടില്‍ ഏറ്റവും പ്രശ്നക്കാരനായ ആനയാണിതെന്നും എത്രയും പെട്ടെന്ന് നാട്ടീന്ന് തന്നെ ഒഴിവാക്കിത്തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ആന തനിയെ കയറിപ്പോയാല്‍ ഒരു പക്ഷേ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആനയെ മയക്കുവെടിവെയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ‌

Leave a Reply

Your email address will not be published. Required fields are marked *