ഇടുക്കിയിൽ ഡബിൾ ഡക്കർ  ബസ്സ് എത്തി  ; വോട്ടാവേശത്തിന് കുറവില്ല


ഇടുക്കി : തിരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാൻ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് മൂന്നാറിലെത്തി . ഇടുക്കിയിൽ ആദ്യമായെത്തിയ ഡബിൾ ഡക്കർ ബസിനെ  നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. പഴയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്  ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്നാറില്‍ നിന്നും ആനയിറങ്കല്‍ വരെയാണ്  ബസ് സര്‍വീസ് നടത്തുക .  ദിവസേന മൂന്ന് സര്‍വീസ്  ഉണ്ടായിരിക്കും . മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ആരംഭിച്ച് സിഗ്നല്‍ പോയിന്റ്,ചൊക്രമുടി, ആനയിറങ്കല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തി തിരികെ ഡിപ്പോയിലെത്തും. രാവിലെ 9 മുതല്‍ 11 വരെ, ഉച്ചക്ക് 1 മണി മുതല്‍ 3 മണി വരെ , വൈകുന്നേരം നാലു മണി മുതല്‍ 6 മണി വരെ  എന്നിങ്ങനെയാണ് മൂന്നു സര്‍വീസുകള്‍. ബസിന്റെ രണ്ട് നിലകളിൽ ഓരോന്നിലും 25 വീതം ആകെ 50 പേർക്ക് യാത്ര ചെയ്യാനാകും. സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാറിലെ ഡി ടി പി സി കൗണ്ടറിൽ നിന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി പാസ് ലഭിക്കും. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പാസ് നൽകിത്തുടങ്ങും. ബസിൽ പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച (16 ) വരെ ബസ് സർവീസ് ഉണ്ടാകും.



സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡ്’ ന് വേണ്ടിയുള്ള  സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ ,പ്രശസ്ത ഫുട്‍ബോളർ ഐ എം വിജയൻ, കണ്ണൻദേവൻ ഹിൽസ് പ്ലാൻ്റേഷൻസ് പ്രസിഡണ്ട് മോഹൻ സി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *