ഡെങ്കി ജാഗ്രത;  കുമളി മേഖലയിൽ പനി ബാധിതര്‍ കൂടുന്നു

കുമളി: വണ്ടിപ്പെരിയാര്‍, ചക്കുപള്ളം, കുമളി മേഖലകളില്‍ പനി ബാധിതര്‍ വര്‍ധിക്കുന്നു. അനുദിനം നൂറു കണക്കിനു പനി ബാധിതരാണ്‌ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി എത്തുന്നത്‌.

പനി വ്യാപകമായ കുമളി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളും കഴിഞ്ഞയാഴ്‌ച രംഗത്തിറങ്ങിയിരുന്നു. കുമളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാരാണ്‌ ആരോഗ്യവകുപ്പിന്‌ ഒപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്‌.


വീടുകള്‍ തോറും കയറി ബോധവല്‍ക്കരണവും കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്‌തു.മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിക്കുന്നത്‌ ആശങ്കാ ജനകമാണ്‌. കുമളി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന റോസാപ്പൂകണ്ടം പോലെയുള്ള ഇടങ്ങളിലാണ്‌ ഏറ്റവും അധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

നിലവില്‍ ഈ പ്രദേശങ്ങളില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു. എന്നാല്‍ വലിയകണ്ടം പോലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ നിലവില്‍ പനി ബാധിതര്‍ ഏറെയുണ്ട്‌.

45 പേര്‍ അടങ്ങുന്ന വിദ്യാര്‍ഥികള്‍ അഞ്ച്‌ ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ കുമളി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. വിദ്യാര്‍ഥികള്‍ക്കൊപ്പം പഞ്ചായത്ത്‌ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *