ഇടുക്കിയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി

തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ഇൻഷുറൻസ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ.എല്‍.ഡി ബോര്‍ഡില്‍ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് നല്‍കിയത്.

ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നല്‍കി. ഇതിനൊപ്പം മില്‍മയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി.

കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് പുതുവര്‍ഷപ്പുലരിയിലാണ് കുട്ടിക്കര്‍ഷകരായ മാത്യുവിന്റെയും ജോര്‍ജിന്റെയും 13 പശുക്കള്‍ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.

മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ മാത്യുവിന് ചലച്ചിത്ര- രാഷ്ട്രീയ – സാമൂഹിക- വ്യവസായ മേഖലകളിലുള്ളവരുടെ സഹായവും ലഭിച്ചിരുന്നു. കപ്പത്തോടില്‍നിന്നുള്ള വിഷബാധയാണ് പശുക്കള്‍ ചാവാൻ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 17ഉം 15ഉം വയസുകാരായ ജോര്‍ജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്.

സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചയാളാണ് മാത്യു.

Leave a Reply

Your email address will not be published. Required fields are marked *