സര്‍ക്കാര്‍ വകുപ്പുകളിലെ ഭരണഭാഷാ പുരോഗതി അവലോകനം ചെയ്തു

ഇടുക്കി: ഭരണഭാഷാ പുരോഗതി സംബന്ധിച്ച ഈ വര്‍ഷത്തെ ആദ്യ ജില്ലാതല ഏകോപന സമിതിയോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഭരണ ഭാഷാ പുരോഗതി യോഗത്തില്‍ വിലയിരുത്തി.

ജില്ലയിലെ 24 വകുപ്പുകള്‍ 100 ശതമാനം പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. വകുപ്പുകളില്‍ നിന്ന് അയക്കുന്ന കത്തുകള്‍, ഫയലുകള്‍, വാഹനങ്ങളിലെയും ഓഫീസിലെയും ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലായിരിക്കണം എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൃഷ്ണകുമാര്‍ വി ജില്ലയിലെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ 25 വകുപ്പുകളേ 2023 ഡിസംബറിലെ ഭാഷാ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഭാഷ, ലിപി, സര്‍ക്കാര്‍ ബോര്‍ഡുകളുടെ വലിപ്പം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലുപ്പത്തില്‍ എഴുതണം.

ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ മുകളില്‍ മലയാളത്തിലും താഴെ ഇംഗ്ലീഷിലുമാണ് എഴുതേണ്ടത്. ഓഫീസ് സീലുകള്‍ ഇംഗ്ലീഷിനോടൊപ്പം മലയാളത്തില്‍ കൂടി തയ്യാറാക്കണം. കത്തുകളില്‍ ഭരണഭാഷ മാതൃഭാഷ എന്ന് രേഖപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, ഇതര രാജ്യങ്ങള്‍, സുപ്രീംകോടതി, ഹൈക്കോടതി, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവരുമായി കത്തിടപാട് നടത്തേണ്ട ഏഴ് സാഹചര്യങ്ങളിലൊഴികെ ഓരോ വകുപ്പും അയക്കുന്ന കത്തുകളും തയ്യാറാക്കുന്ന ഫയലുകളും നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം. പദ്ധതിരേഖ, ഭരണ റിപ്പോര്‍ട്ട് തുടങ്ങിയവ മലയാളത്തില്‍ കൂടി തയ്യാറാക്കണം.

ഭരണഭാഷാ പരിശീലനം ആവശ്യമായ ജീവനക്കാരുടെ പട്ടിക വകുപ്പ് മേധാവികള്‍ അറിയിക്കണം. ജില്ലാ ഏകോപന സമിതികളില്‍ വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

മൂന്ന് മാസം കൂടുമ്പോഴാണ് യോഗങ്ങള്‍ ചേരേണ്ടത്. ഓഫീസുകളിലെ ഭാഷാ പുരോഗതി സംബന്ധിച്ച് ഗൂഗിള്‍ ഷീറ്റ് എല്ലാ മാസവും ആദ്യ ആഴ്ച തന്നെ പൂരിപ്പിച്ച് നല്‍കണം. ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയ്യാറാക്കി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എഡിഎം ഷൈജു പി ജേക്കബ്, വകുപ്പ് തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *