കൗമാര പ്രായക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും ദിനംപ്രതി കൂടിവരുന്നു. സംസ്ഥാനത്തെ ഒരു സ്കൂളില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് അധ്യാപികയുടെ ശബ്ദരേഖ അടുത്തിടെ പുറത്തു വന്നിരുന്നു.

അധ്യാപികയുടെ വാക്കുകളിൽ നിഴലിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു കേരള ജനതയെ ആണ്. അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഒരു ക്ലാസിലെ അറുപത് കുട്ടികളുണ്ടെങ്കില്‍ അതില്‍ ഇരുപത് ശതമാനവും മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്.
ഇവര്‍ക്കായി ലഹരിമരുന്നുകള്‍ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് സ്കൂളിന് പുറത്തുള്ളത്. പ്ലസ് വണ്‍ അഡ്മിഷന്‍ ദിവസമായ കഴിഞ്ഞ ദിവസം സ്കൂളില്‍ അരങ്ങേറിയ സംഭവത്തെ കുറിച്ച് അദ്ധ്യാപിക പറയുന്നത് ഇങ്ങനെയാണ്.
എക്സൈസ് വകുപ്പിന്റെ ജീപ്പിലാണ് സ്കൂളിലേക്ക് ഒന്‍പതു കുട്ടികളുമായി അധികൃതര്‍ എത്തിയത്. സമീപത്തെ കടയില്‍ നിന്ന് ‘സ്റ്റഫ്’എന്ന ഓമനപ്പേരിൽ വിളിക്കുന്ന ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
എല്ലാവരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. രണ്ടു വര്‍ഷത്തിലേറെ ലഹരി മരുന്നിന് അടിമയായവരാണ് അവർ. ഏഴാം ക്ലാസ് മുതല്‍ ലഹരി ഉപയോഗിക്കുന്നവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി ഇവരെ പറഞ്ഞു വിടുകയായിരുന്നു. ഇതേ ദിവസം തന്നെയാണ് അവിടെ മറ്റൊരു സംഭവവും അരങ്ങേറിയത്.
സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയ്ക്ക് ബസില്‍ വെച്ച് മോശമായ അനുഭവം നേരിടേണ്ടി വരികയും അതിനു പിന്നാലെ ബസില്‍ കുട്ടികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഈ കുട്ടികള്‍ എല്ലാം തന്നെ മയക്കുമരുന്നിന് അടിമകളായിരുന്നു.
ഇതാണ് ഇവരെ അക്രമങ്ങളിലേക്ക് വഴി തിരിച്ചു വിട്ടതും. സംഭവം കൈവിട്ടുപോയതോടെ പോലീസുകാര്‍ ഇടപെടുകയായിരുന്നു.
ഇതിനു ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവവും അരങ്ങേറിയിരുന്നു.
സ്കൂളിന്റെ നാല് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും സ്കൂളിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഈ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെയും നാല് മുതിര്‍ന്ന ആണ്‍കുട്ടികളെയും ഒരു വീട്ടില്‍ നിന്നും അനാശാസ്യത്തിന് പിടികൂടി എന്നായിരുന്നു ഫോണ്‍ കോള്‍.
കുട്ടിയെ സ്കൂളില്‍ എത്തിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആ കുട്ടിയുള്‍പ്പെടെ പത്തൊന്‍പതു പെണ്‍കുട്ടികളോളം ഇത്തരത്തില്‍ മയക്കു മരുന്നിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിമകളാണ് എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയ വിവരങ്ങള്‍.
ലഹരിയ്ക്ക് അടിമകളായ ഈ കുട്ടികള്‍ മറ്റു ആണ്‍കുട്ടികള്‍ക്കൊപ്പം പുറത്ത് ചുറ്റാൻ പോകുകയും ഇത്തരത്തില്‍ ലഹരിമരുന്നിന്റെ റാക്കറ്റുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
ദിവസവും നിരന്തരം സംഭവങ്ങളാണ് ഇത്തരത്തില്‍ പുറത്തു വരുന്നത്. യുവതലമുറ ഇത്തരത്തില്‍ മയക്കുമരുന്നിന് അടിമപ്പെടുന്നതിലൂടെ അവരുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.
മയക്കുമരുന്നു കടത്തും വില്‍പ്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ പൊലീസും എക്സൈസും നടത്തുന്നുണ്ട്. മയക്കുമരുന്നുകള്‍ക്കെതിരായ ബോധവല്‍ക്കരണവും സമാന്തരമായി നടത്തുന്നു.
പക്ഷേ, കര്‍ക്കശ നിയമ നടപടികളെടുക്കാന്‍ കിട്ടുന്ന അവസരം നേരെ വിപരീതമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. മാരക ലഹരി മാഫിയ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു.
പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്.
പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്. മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്.
മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. എന്തുതരം ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത സംഘങ്ങള്‍ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും കേരള ജനതയുടെ ഉറക്കംകെടുത്തുന്നു.
