
തൊടുപുഴ: പത്തനംതിട്ടയില്‍നിന്നു കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് തൊടുപുഴ നഗരസഭാ ബസ് സ്‌റ്റാന്‍ഡിലും ഗാന്ധി സ്‌ക്വയറിലും സ്വീകരണം നല്‍കി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നാഷണല്‍ പെര്‍മിറ്റ് സ്വന്തമാക്കി കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്താന്‍ തുനിഞ്ഞ റോബിന്‍ ബസിനെ നേരത്തെ സംസ്‌ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയിരുന്നു.

ബസ് വിട്ടുകിട്ടാതെ വന്നതോടെ ഉടമ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ബസ് വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
ഇതോടെയാണ് സംസ്‌ഥാന മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമ ഗിരീഷ് കോയമ്പത്തൂരിലേക്ക് വീണ്ടും സര്‍വീസ് ആരംഭിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ഉടന്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തി. അര മണിക്കൂറിനുശേഷം പിഴയിട്ട് ബസ് പോകാന്‍ അനുവദിച്ചു.
വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ഇന്നലെ രാവിലെ 9ന് റോബിന്‍ ബസ് തൊടുപുഴയിലെത്തിയത്.
പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡിലും ഗാന്ധിസ്‌ക്വയറിലും ഒരുക്കിയ സ്വീകരണത്തില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു.