
ആലുവ: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും.
എറണാകുളം പോക്‌സോ കോടതിയിലാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിൻ രാജാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ സുഹൃത്ത് മുസ്താഖാണ് രണ്ടാംപ്രതി.
കഴിഞ്ഞ സെപ്തംബര്‍ ഏഴിനായിരുന്നു സംഭവം. ആലുവയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ഒന്നാം പ്രതിയായ ക്രിസ്റ്റിൻ രാജ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
2017 ല്‍ മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിച്ച കേസിലും പെരുമ്പാവൂർ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലും പ്രതിയായ ക്രിസ്റ്റിൻ രാജ് സ്ഥിരം കുറ്റവാളിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.