ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഫെബ്രുവരി 22 ന്

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-മൂലക്കട, വാര്‍ഡ് 18-നടയാര്‍ എന്നിവിടങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തും.

22 ന് രാവിലെ ഏഴു മണി മുതല്‍ ആറു വരെയായിരിക്കും വോട്ടെടുപ്പെന്നും വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. 

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ജനുവരി 27 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്തുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു. 

ആക്ഷേപങ്ങളില്ലാതെ സമയകൃത്യത പാലിച്ച് ഉപതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജനുവരി ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ജനുവരി 29 നാണ് പരസ്യപ്പെടുത്തിയത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 05. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  ഫെബ്രുവരി 06 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി  ഫെബ്രുവരി 08.

Leave a Reply

Your email address will not be published. Required fields are marked *