പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിന് ഹോം സര്‍വെ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

ഇടുക്കി: പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിന് ജില്ലയില്‍ നടത്തുന്ന ഹോം സര്‍വെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് എല്ലാ പൊതുജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ പട്ടികജാതി ജനവിഭാഗങ്ങളുടെ സമഗ്ര ഉന്നമനവും സുസ്ഥിര വികസനവും സാധ്യമാക്കുന്നതിന്റെ ഭാഗമായി പട്ടികജാതി കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും അവസ്ഥയെക്കുറിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ‘ ഹോം സര്‍വെ’ എന്ന പേരിലാണ് പട്ടികജാതി വികസന വകുപ്പ് സമഗ്ര വിവരശേഖരണം ആരംഭിച്ചിട്ടുള്ളത്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും പൊതുവിവരങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി ആസൂത്രണ പ്രക്രിയയെ സഹായിക്കുന്നതും വികസന വിടവുകള്‍ കണ്ടെത്തി ഫലപ്രദമായ രീതിയില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും വിവിധതലത്തിലെ പുരോഗതി ‘നിരീക്ഷിക്കുന്നതിനും ആവശ്യമായ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തില്‍ വകുപ്പിലെ പ്രമോട്ടര്‍മാര്‍ വഴിയാണ് ജില്ലയില്‍ സര്‍വെ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *