വിനോദ സഞ്ചാരികള്‍ക്കായി പൈനാവില്‍ ടേക്ക് എ ബ്രേക്ക് സമുച്ചയം തുറന്നു

ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് ശക്തി പകര്‍ന്ന് ജില്ലാ ആസ്ഥാനമായ പൈനാവില്‍ എ കെ ബ്രേക്ക് സമുച്ചയം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ‘ടേക്ക് എ ബ്രേക്ക് പദ്ധതി ആവിഷ്‌കരിച്ചത്.

ദേശീയ സംസ്ഥാന പാതയോരങ്ങള്‍, ബസ് സ്റ്റേഷനുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വിശ്രമിക്കാനുള്ള സൗകര്യവും വൃത്തിയും സുരക്ഷിതവുമായ ശുചിമുറികളും കോഫി ഷോപ്പുകളും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വമിഷനും സംയുക്തമായി ഒരു കോടി രൂപ മുടക്കിയാണ് പൈനാവില്‍ ടേക് എ ബ്രേക്ക് സമുച്ചയം നിര്‍മിച്ചത്. ജില്ലയുടെ ആസ്ഥാനം എന്ന നിലയില്‍ പൈനാവിലൂടെ കടന്നു പോകുന്ന വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.

ഉദ്ഘാടന യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ നൗഷാദ് ടി.ഇ, സിജി ചാക്കോ, രാജു കല്ലറക്കല്‍, പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *