മലയോര മേഖലയിലെ പട്ടയ അപേക്ഷകൾക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: മലയോര മേഖലയിൽ നിന്നുള്ള പട്ടയ അപേക്ഷകൾ സർക്കാർ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ  നാലാമത് പട്ടയമേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സംസ്ഥാനത്ത്  കഴിഞ്ഞ രണ്ടര വർഷക്കാലയളവിൽ ഒരുലക്ഷത്തി അൻപത്തിരണ്ടായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അർഹതയുള്ള എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ ലക്‌ഷ്യം.  ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത് .

പ്രതികൂലമായ സാഹചര്യങ്ങൾ മറികടന്ന് നാടിന്റെ വികസന ക്ഷേമ നേട്ടങ്ങളിലൂന്നിയാകും സർക്കാർ മുന്നോട്ട്പോവുകയെന്നും  മുഖ്യമന്ത്രി പറഞ്ഞു. ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം  ജില്ലാതല പട്ടയമേളകൾ നടന്നു. ഇടുക്കി ചെറുതോണി ടൗൺഹാളിൽ നടന്ന പട്ടയമേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.

അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ ഒരു രീതിയിലും വിട്ടുവീഴ്ചകാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  ആയിരം പട്ടയങ്ങൾ  നേരിട്ട് നല്കാൻ കഴിയുന്നത് അഭിമാന നിമിഷമാണ്. ജില്ലയിൽ കഴിഞ്ഞ  രണ്ടരവർഷക്കാലയളവിൽ നൽകിയത് 7458 പട്ടയങ്ങളെന്നും മന്ത്രി അറിയിച്ചു. 

വസ്തുതകൾ വ്യക്തമാക്കി കോടതിയുടെ അനുമതിയോടെ നാലായിരം പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ഷോപ്പ് സെന്ററുകളിൽ പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

ഇതിന്റെ  ഭാഗമായി  കട്ടപ്പനയിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുണ്ട്. എം എൽ എ മാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലികൾ ,കേന്ദ്ര വനംവകുപ്പുമായുള്ള ചർച്ചകൾ എന്നിവ  കൂടുതൽ കാര്യക്ഷമമാക്കി 2024 ഇടുക്കിക്കാർക് ആശ്വസത്തിന്റെ വർഷമാക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തയ്യാറാക്കിയ 1000 പട്ടയങ്ങളാണ് ജില്ലാതല പട്ടയ മേളയില്‍ വിതരണം ചെയ്തത്.  താലൂക്ക് ഓഫീസുകള്‍, വിവിധ ഭൂമിപതിവ് സ്‌പെഷ്യല്‍ ഓഫീസുകള്‍ എന്നിവ മുഖേന തയ്യാറാക്കിയ 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍,  ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പട്ടയങ്ങള്‍ തുടങ്ങിയവയാണ്  മേളയില്‍ വിതരണം ചെയ്തത്.

1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയങ്ങള്‍, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എല്‍റ്റി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995 ലെ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള 5 പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള 13 പട്ടയങ്ങള്‍, 79 വനാവകാശരേഖ എന്നിവയാണ്  വിതരണം ചെയ്തത്.

പരിപാടിയിൽ  ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു , ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ മെമ്പര്‍ കെ. ജി സത്യന്‍, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍,  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *