ഇടുക്കിയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉത്തരവിറക്കി ജില്ലാ കളക്ടർ

ഇടുക്കി: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഇടുക്കിയിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്ബൻചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്. വേനല്‍ ആരംഭത്തില്‍ തന്നെ ചൂട് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ പലഭാഗത്തും ജലലഭ്യതയും ഗണ്യമായി കുറഞ്ഞു.

ഉത്തരവ് ചുവടെ

സംസ്ഥാനത്തു ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെകിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കുന്നതിനും ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുന്നതിനും സൂചന (1) പ്രകാരം നിർദേശമുണ്ട്.

സൂചന (2), (3) പ്രകാരം വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ വെയിലേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനും ഉയർന്ന ചൂട് മൂലം പൊള്ളലേൽക്കുന്നതിനും സാധ്യത ഉള്ളതാണ്.

ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് വെയിലേറ്റ് പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചും ചുവടെ ചേർക്കുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചും ഇതിനാൽ ഉത്തരവാകുന്നു.

തുറസ്സായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും (തോട്ടം മേഖലയിലും തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവർ ഉൾപ്പെടെ) ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമ സമയം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കേണ്ടതാണ്.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾക്ക് ഈ ബാധകമല്ലാത്തതാണ്.
നിർദേശം
തൊഴിലാളികൾക്ക് നിർജലീകരണം ഒഴിവാക്കുന്നതിന് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ, പ്രവർത്തിയിടങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനുള്ള ഷെഡ്, First Aid എന്നിവ തൊഴിൽ ഉടമകൾ ഉറപ്പാക്കേണ്ടതാണ്.

മേൽ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ
എന്ന് ഉറപ്പു വരുത്തുന്നതിനും തൊഴിലിടങ്ങളിൽ ദൈനം ദിന പരിശോധന നടത്തി റിപോർട്ടുകൾ സമർപ്പിക്കുന്നതിനും ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തുന്നു.

ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കർഷകർ. ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം മേഖലക്കാണ്.

35 ശതമാനത്തില്‍ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന്. ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഏലച്ചെടികള്‍ സംരക്ഷിക്കുവാൻ പച്ച നെറ്റുകള്‍ വലിച്ചുകിട്ടി തണല്‍ തീർക്കുകയാണ് കർഷകർ.

വരും വർഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാൻ കഴിയാത്തതിനാല്‍ ഏല ചെടികള്‍ക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *