കുമളിയിൽ യുവതിയെ കെട്ടിയിട്ട് സ്വർണ്ണ മാല കവർന്ന കേസിൽ ദുരൂഹത

ഇടുക്കി: കുമളിക്ക് സമീപം കൊല്ലംപട്ടടയില്‍ കോളനി പ്രദേശത്ത് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ യുവതിയെ കെട്ടിയിട്ട് സ്വർണ്ണ മാല കവർന്നെന്ന കേസില്‍ അടിമുടി ദുരൂഹത.


വ്യാഴാഴ്ച രാവിലെ ഒന്പതോടെ മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ രണ്ടുപേർ 28 കാരിയെ ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് കൈകാലുകള്‍ ബന്ധിച്ച്‌ ഒന്നര പവന്‍റെ മാല തട്ടിയെടുത്തശേഷം യുവതിയെ കട്ടിലിനടിയില്‍ തള്ളിയെന്നും വായില്‍ പ്ലാസ്റ്റർ ഒട്ടിച്ചെന്നുമാണ് കേസ്.

യുവതിതന്നെ നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മാല വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. പരാതിയില്‍ പന്തികേട് തോന്നിയ പോലീസ്, പോലീസ് നായയെ വാഹനത്തില്‍നിന്ന് ഇറക്കിയതുമില്ല.

അയല്‍വാസികളും അമ്പരപ്പിലാണ്. ജനാലയിലൂടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടെന്ന് പറയുന്ന യുവതിയുടെ മൊഴികളിലും സംഭവം നടന്നതായി പറയുന്ന സമയത്തിലും ഉള്‍പ്പെടെ വൈരുദ്ധ്യമുണ്ട്. വാതില്‍വഴി മോഷ്ടാക്കള്‍ക്ക് എളുപ്പം കടക്കാമെന്നിരിക്കെ കൊച്ചുകുട്ടിക്കുപോലും കടക്കാൻ പറ്റാത്ത ജനാലയിലൂടെ പ്രതികള്‍ കടന്നെന്നുമുള്ള യുവതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമടക്കമുള്ള സംഘമാണ് പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരാതി വ്യാജമാണെന്നു തെളിഞ്ഞാല്‍ യുവതിക്കെതിരേ കേസും പോലീസിന് ചെലവായ തുക ഈടാക്കാനുമുള്ള നടപടിയും ഉണ്ടായേക്കാം.

മോശം ചിത്രം ഫോണില്‍ എത്തിയെന്നുള്ള യുവതിയുടെ ഒരു പരാതിയും പോലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *