തിരഞ്ഞെടുപ്പിന്റെ ചൂട് പകർന്ന് മൂന്നാറിൽ ഫുടബോൾ


മൂന്നാർ : മേഘാവൃതമായ മൂന്നാർ താഴ്വരയിലെ കണ്ണൻ ദേവൻ പുൽമൈതാനത്ത് മണ്ണിനും പുല്ലിനും തീപിടിച്ച സായാഹ്നം. വോട്ടാവേശത്തിൻ്റെ ചൂരിൽ ഇടുക്കി ജില്ലാ പോലീസ് ടീമും കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻ ടീമും ഏറ്റുമുട്ടിയപ്പോൾ  കാണികൾക്ക് കളിയാവേശത്തിൻ്റെ ചൂട്. തിരഞ്ഞെടുപ്പ്  ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ സ്വീപ് വിഭാഗം സംഘടിപ്പിച്ച ഫുട്ബോൾ മത്സരമാണ് ആവേശത്തിൻ്റെയും ആഘോഷത്തിൻ്റെയും ഇടമായത്.


പഴയ മൂന്നാറിലെ കണ്ണൻ ദേവൻ മൈതാനത്ത് പ്രശസ്ത  ഫുട്ബോൾ താരം ഐ എം വിജയൻ മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ , കണ്ണൻദേവൻ ഹിൽസ് പ്ലാൻ്റേഷൻസ് പ്രസിഡണ്ട് മോഹൻ സി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന് കണ്ണൻ ദേവൻ ഹിൽ പ്ലാൻ്റേഷൻസ് ടീം വിജയിച്ചു. ടീമുകൾക്കുള്ള ട്രോഫികൾ ജില്ലാ കലക്ടർ ഷീബ ജോർജ് വിതരണം ചെയ്തു. മത്സരത്തിന്റെ ഇടവേളയിൽ ബിമൽ ഇടുക്കി അവതരിപ്പിച്ച മാജിക്ക് ഷോയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *