അറബിക്കടലില്‍ കേരളത്തിനരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മഴ തുടരും

തിരുവനന്തപുരം: തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് (2024 മെയ്‌ 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

മെയ് 25- ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടർന്ന് മെയ് 25 -ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച്‌ തീവ്രചുഴലിക്കാറ്റായും ഇത് മാറാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 26- നു രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാള്‍ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 9 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *